Monday, 26 January 2009

കൊടുങ്കാറ്റ്‌ വിതച്ച ആത്മകഥ

''ഇതൊരു അസന്തുഷ്‌ടമായ സംഭവമായിരുന്നു. രാജീവ്‌ഗാന്ധിക്ക്‌ പാര്‍ലമെന്ററി കാര്യങ്ങള്‍ സംബന്ധിച്ച്‌ പരിചയം പരിമിതമായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ആള്‍ക്കാരും ഇക്കാര്യത്തില്‍ പരിചയം കുറഞ്ഞവര്‍. അവര്‍ക്ക്‌ ജനമനോഭാവം സൂക്ഷ്‌മമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ ബില്‍ അവതരിപ്പിക്കുന്നതിനുമുമ്പ്‌ എന്നോട്‌ അഭിപ്രായം ചോദിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്നതായിരുന്നു പലതും...''
'മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്‌' എന്ന വെങ്കിട്ടരാമന്റെ ആത്മകഥ (1995)യിലെ മേല്‍പ്പറഞ്ഞ പരാമര്‍ശങ്ങള്‍ തമിഴകം കത്തുന്നതുവരെയെത്തിയെന്നു പറഞ്ഞാല്‍ അത്‌ അതിശയോക്തിയാവില്ല. രാജീവ്‌ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ, ലോക്‌സഭയില്‍ അവതരിപ്പിച്ചതും 'പത്രമാരണബില്ലെ'ന്ന്‌ പ്രചാരം നേടിയതുമായ 'അപകീര്‍ത്തി നിരോധനബില്ലി'നെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ്‌ തമിഴകത്ത്‌ കൊടുങ്കാറ്റ്‌ അഴിച്ചുവിട്ടത്‌. 1988 സപ്‌തംബര്‍ ഒന്നിനായിരുന്നു വിവാദമുയര്‍ത്തിയ ആ ബില്‍ അവതരണം. എന്നാല്‍, ശക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതില്‍നിന്ന്‌ രാജീവ്‌ പിന്മാറി.
ആത്മകഥ വിവാദമായതോടെ അതിന്റെ വില്‌പനയും കുതിച്ചുകയറി. അതിന്റെ എത്രയോ പതിപ്പുകള്‍ ചൂടപ്പംപോലെ വിറ്റുകൊണ്ടിരിക്കേ, മുന്‍ രാഷ്ട്രപതിക്ക്‌ സര്‍ക്കാര്‍ അനുവദിച്ച വസതിയായ മദ്രാസ്‌ അഡയാര്‍ ഗ്രീന്‍വെയ്‌സ്‌ റോഡിലെ നാലാംനമ്പര്‍ 'പൊതികൈ ഇട'ത്തുനിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥവന്നു. മുഖ്യമന്ത്രി ജയലളിതയുടെ സുരക്ഷാക്രമീകരണങ്ങളെ വെല്ലുന്ന കാവലാണ്‌ അതിനുമുന്നില്‍ ഏര്‍പ്പെടുത്തിയത്‌. രാജീവ്‌ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ ക്ഷുഭിതരായ കോണ്‍ഗ്രസ്സുകാര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ച്‌ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. വിവാദ ആത്മകഥ ഉടനടി പിന്‍വലിക്കണമെന്ന്‌ ആവശ്യമുയര്‍ത്തി.
അതിനിടെ, ഡി.എം.കെ. നേതാവ്‌ എം. കരുണാനിധിയും പുസ്‌തകത്തിനെതിരെ രംഗത്തുവന്നത്‌ പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കി. കാവേരി നദീജലക്കരാര്‍ പരാമര്‍ശിക്കുന്നിടത്ത്‌ തമിഴകത്തിനെതിരായ നിലപാടെടുത്തുവെന്നാണ്‌ ഡി.എം.കെ. പ്രവര്‍ത്തകര്‍ ആരോപിച്ചത്‌. അക്കാലത്ത്‌ തമിഴകത്ത്‌ വെങ്കിട്ടരാമന്റെ കോലം കത്തിക്കാത്ത ഒറ്റ ദിവസംപോലുമുണ്ടായിരുന്നില്ല. വിവാദം മുറുകിയപ്പോള്‍ വെങ്കിട്ടരാമന്‌ പിന്തുണ നല്‍കാന്‍ ആരുംതന്നെ രംഗത്തുവന്നതുമില്ല. എന്നിട്ടും വിവാദപരാമര്‍ശങ്ങളില്‍ ചില വിശദീകരണങ്ങള്‍ നല്‍കാനല്ലാതെ അവ പിന്‍വലിക്കാനോ തിരുത്താനോ അദ്ദേഹം തയ്യാറായില്ല. 

No comments:

Post a Comment