ഇന്ത്യയുടെ എട്ടാമത്തെ രാഷ്ട്രപതിയായി 1987 ജൂലായ് 25ന് സ്ഥാനമേറ്റ രാമസ്വാമി വെങ്കിട്ടരാമന്‍ 1910 ഡിസംബര്‍ നാലിന് തമിഴകത്തെ തഞ്ചാവൂരിനടുത്ത രാജമാടം ഗ്രാമത്തിലാണ് ജനിച്ചത്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ധനതത്ത്വശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും (പിന്നീട് ഡോക്ടറേറ്റും) നേടി. പിന്നീട് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞ അദ്ദേഹം 1935 മുതല്‍ മദ്രാസ് ഹൈക്കോടതിയിലും 1951 മുതല്‍ സുപ്രീംകോടതിയിലും സേവനമനുഷ്‌ഠിച്ചു.
ദേശീയ സ്വാതന്ത്ര്യ മുന്നേറ്റങ്ങളില്‍ ആകൃഷ്‌ടനായ വെങ്കിട്ടരാമന്‍ 1942ലെ ക്വിറ്റിന്ത്യാ സമരത്തില്‍ സജീവമായി. അതേത്തുടര്‍ന്ന് അറസ്റ്റിലാവുകയും രണ്ടുവര്‍ഷത്തെ ജയില്‍വാസമനുഭവിക്കുകയും ചെയ്‌തു. ജയിലില്‍ നിന്ന് പുറത്തുവന്നശേഷം സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു. തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റിയിലെ തൊഴിലാളി വിഭാഗം സംഘടിപ്പിക്കുകയായിരുന്നു അദ്ദേഹത്തില്‍ അര്‍പ്പിതമായ കര്‍ത്തവ്യം. തൊഴിലാളിപക്ഷത്തുനിന്നുകൊണ്ട് 'ലേബര്‍ ലോ ജേണല്‍' എന്ന പ്രസിദ്ധീകരണം അദ്ദേഹം തുടങ്ങുന്നത് 1949ലാണ്. തഞ്ചാവൂര്‍ മേഖലയിലെ കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടിയാണ് അദ്ദേഹം ഏറ്റവും ശക്തമായി ശബ്ദമുയര്‍ത്തിയത്. തോട്ടം തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, റെയില്‍വേ ജീവനക്കാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള തൊഴിലാളികള്‍ക്കുവേണ്ടി യൂണിയനുകള്‍ തുടങ്ങുന്നതിന് വെങ്കിട്ടരാമന്‍ മുന്‍കൈയെടുത്തു. 1947 മുതല്‍ 1950 വരെ 'മദ്രാസ് പ്രൊവിന്‍ഷ്യല്‍ ബാര്‍ ഫെഡറേഷന്റെ' സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1950ല്‍ താത്‌കാലിക പാര്‍ലമെന്റിലേക്കും 1952ല്‍ ആദ്യ ലോക്‌സഭയിലേക്കും വെങ്കിട്ടരാമന്‍ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസീലന്‍ഡില്‍ നടന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കമ്മിറ്റിയില്‍ പ്രതിനിധിയായിരുന്നു. 1953 മുതല്‍ 54 വരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
1957ല്‍ വെങ്കിട്ടരാമന്‍ വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മദ്രാസ് സര്‍ക്കാറില്‍ മന്ത്രിയാവുന്നതിനുവേണ്ടി ലോക്‌സഭാംഗത്വം ഒഴിഞ്ഞു. 1967 വരെയുള്ള കാലയളവില്‍ അദ്ദേഹം വ്യവസായം, തൊഴില്‍, സഹകരണം, ഊര്‍ജം, ഗതാഗതം, നികുതി വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. ഉപരിസഭയായ മദ്രാസ് ലെജിസ്ലേ്‌ളറ്റീവ് കൗണ്‍സിലിന്റെ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചത് ഇക്കാലയളവിലാണ്.
1967ല്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗമായി വെങ്കിട്ടരാമന്‍ നിയമിതനായി. 1971 വരെ ഈ ചുമതല തുടര്‍ന്നു. 1977ല്‍ മദ്രാസ് സൗത്ത് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായി. 1980ല്‍ ലോക്‌സഭയില്‍ വീണ്ടുമെത്തിയപ്പോള്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ധനകാര്യവകുപ്പിന്റെയും പിന്നീട് പ്രതിരോധ വകുപ്പിന്റെയും ചുമതലയേറ്റു. 1953നും 61നും ഇടയില്‍ അദ്ദേഹം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഏഴുതവണ അംഗമായി.
1984 ആഗസ്‌തില്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിപദമേറ്റ വെങ്കിട്ടരാമന്‍ 1987 ജൂലായ് 25ന് രാഷ്ട്രപതിയുമായി. 1992 ജൂലായ് 25 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. മുന്നണി രാഷ്ട്രീയത്തിന്റെ ആ നാളുകളില്‍ രാജീവ്‌ഗാന്ധിക്ക് പുറമേ വി.പി.സിങ്, ചന്ദ്രശേഖര്‍, പി.വി. നരസിംഹറാവു എന്നീ പ്രധാനമന്ത്രിമാരോടൊത്താണ് അദ്ദേഹം പരമോന്നത പദവിയില്‍ തുടര്‍ന്നത്. അഞ്ചാണ്ടുകള്‍ക്കകം നാല് പ്രധാനമന്ത്രിമാര്‍ക്കൊപ്പം... അതൊരു റെക്കോഡാണ്!
Tuesday, 27 January 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment