കഴിഞ്ഞ നവംബര്‍ 23-നാണ് അമേരിക്കന്‍ മലയാളികളെ ഞെട്ടിച്ച ഡെന്നിസ് ജോണ്‍ സംഭവമുണ്ടായത്. ന്യൂജേഴ്‌സിയിലെ ക്ലിഫ്‌റ്റനിലുള്ള സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ക്‌നാനായ പള്ളിയുടെ മുറ്റത്ത് കോട്ടയം സ്വദേശി ഡെന്നിസ് ജോണ്‍ മള്ളുശ്ശേരില്‍ വെടിയേറ്റു വീണു. ഒപ്പമുണ്ടായിരുന്ന സില്‍വി പെരിഞ്ചേരിലിന് ഗുരുതരമായി പരിക്കേറ്റു. മലയാളിയായ സനീഷ് ജോസഫ് പള്ളിപ്പുറം ഭാര്യ രേഷ്‌മ ജെയിംസിനെ വെടിവെക്കുന്നത് തടയാന്‍ ശ്രമിച്ചതിനുള്ള ശിക്ഷയായിരുന്നു ഡെന്നിസിനു നേര്‍ക്കുള്ള വെടിയുണ്ട.
മരണശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നായിരുന്നു ഡെന്നിസിന്റെ ആഗ്രഹം. അങ്ങനെ ഒരു തീരുമാനമെടുക്കുമ്പോഴും മരണം വാതില്‍ക്കലെത്തിയിട്ടുണ്ടെന്ന് അവന്‍ അറിഞ്ഞിരുന്നില്ല. ദാരുണമായ സാഹചര്യത്തില്‍ മകന്‍ വെടിയേറ്റു വീണപ്പോള്‍ സമചിത്തതയോടെ ഏലിക്കുട്ടിയും എബ്രഹാമും ദുഃഖം ഉള്ളിലൊതുക്കി ആ ആഗ്രഹം നിറവേറ്റി.
''മറ്റുള്ളവരെ സഹായിക്കുക. അതായിരുന്നു അവന്റെ ജീവിതലക്ഷ്യം. അവന്‍ മരിച്ചപ്പോള്‍ അവയവങ്ങള്‍ യോഗ്യരായവര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ അവന്റെ അച്ഛനമ്മമാര്‍ക്ക് ഒരു സങ്കോചവുമുണ്ടായില്ല'-ഡെന്നിസിന്റെ ആന്റി സുജ ആലുംമൂട്ടില്‍ പറയുന്നു. ഡെന്നിസിന്റെ ഹൃദയവും ശ്വാസകോശവും കരളും വൃക്കകളും പാന്‍ക്രിയാസും അവര്‍ ദാനം ചെയ്തു. അതിനാല്‍ ഡന്നിസ് ഇന്നും ജീവിക്കുന്നു, പലരുടെ ശരീരത്തിലായ്. അവന്റെ ഹ്യദയമിടിപ്പ് അവന്റെ മാതാപിതാക്കള്‍ക്കും സുഹ്യത്തുക്കള്‍ക്കും ഇന്നും കേള്‍ക്കാം.
Sunday, 15 February 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment