Sunday, 8 June 2008

ഗാന്ധിജിയുടെ പ്രസംഗം

കാര്യപരിപാടി ഒരു പ്രസംഗം ചെയ്യേണ്ട ചുമതലയില്‍നിന്ന്‌ എന്നെ ഒഴിവാക്കുന്നണ്ട്‌. മാധവന്‍നായരെപ്പറ്റി സമഗ്രമായ ഒരു പ്രസംഗം ഞാന്‍ ടൌണ്‍ ഹാളില്‍ വെച്ചു ചെയ്‌തുകഴിഞ്ഞു. അവിടെവെച്ച്‌ പറഞ്ഞതിന്നു പുറമെ എനിക്കിപ്പോള്‍ യാതൊന്നുംതന്നെ പറയേണ്ടതായിട്ടില്ല. ടൌണ്‍‍ഹാളില്‍ വെച്ചു ഞാന്‍ ചെയ്‌ത പ്രസംഗം മുഴുവന്‍ `മാതൃഭൂമി' പ്രസിദ്ധം ചെയ്യുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ നിങ്ങള്‍ക്ക്‌അത്‌ വായിക്കുവാനുംസാധിക്കും. `മാതൃഭൂമി' സ്വന്തം കാലുകളിന്മേല്‍തന്നെ ഊന്നിനിന്നു ജീവിക്കുന്ന ഒരു സ്ഥാപനമാണെന്നു സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞിട്ടുണ്ട്‌. ഇതു ദുര്‍ല്ലഭമായ ഒരു സ്ഥിതിയാണ്‌. ഇന്ത്യയില്‍ നന്നേകുറച്ചു പത്രങ്ങള്‍ക്കു മാത്രമേ ഇങ്ങനെ സാധിക്കുന്നുള്ളൂ. തന്നിമിത്തം മാതൃഭൂമിക്ക്‌ ഇന്ത്യയിലെ പത്രങ്ങളുടെ ഇടയില്‍ നിസ്‌തുലമായ ഒരു സ്ഥാനമുണ്ട്‌.

`മാതൃഭൂമി'യുടെ ഹൃദയം മാധവന്‍നായരായിരുന്നുവെന്നു നിങ്ങള്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പിന്തുടരുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും നിങ്ങള്‍ പറയുകയുണ്ടായി. നിങ്ങള്‍ ആദര്‍ശങ്ങളെ പിന്തുടരുവാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍, അദ്ദേഹം തന്നുപോയ പൈതൃകത്തെ നിങ്ങള്‍ ബുദ്ധിപൂര്‍വം വിനിയോഗിക്കണം. ഒരാള്‍ക്ക്‌ ധാരാളം മൂലധനം മാത്രമുണ്ടായതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. ആ മൂലധനത്തെ സമുചിതമായവിധം ഉപയോഗപ്പെടുത്തേണ്ടത്‌ എങ്ങനെയെന്ന അറിവ്‌ അയാള്‍ക്കുണ്ടായിരിക്കുക കൂടി വേണം. നിങ്ങള്‍ പത്രത്തിന്റെ സാമ്പത്തിക സ്ഥിതിയെ പുഷ്ടിപ്പെടുത്തണം. സ്വന്തം കാലുകളിന്മേല്‍തന്നെ ഊന്നിനില്‍ക്കുവാന്‍ അതിന്നുള്ള പ്രാപ്‌തിയെ മേലിലും നിലനിര്‍ത്തുകയും വേണം.

പക്ഷേ, ഇതൊരു രണ്ടാംതരം പ്രാധാന്യം മാത്രമുള്ള കാര്യമാണ്‌. പത്രത്തിന്റെ നയത്തെയും അത്‌ പൊതുജനങ്ങള്‍ക്ക്‌ ചെയ്യുന്ന ഗുണത്തെയുമാണ്‌ ഞാനധികം ശ്രദ്ധിക്കുന്നത്‌. മാധവന്‍നായര്‍ക്ക്‌ ഈ ഹരിജനപ്രസ്ഥാനത്തോട്‌ പരിപൂര്‍ണമായ ആനുകൂല്യമുണ്ടായിരുന്നുവെന്ന്‌ എനിക്കറിയാം. മാധവന്‍നായരുടെ ആദര്‍ശങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രാതിനിധ്യം തികച്ചുമുള്ള ഒരു പ്രസ്ഥാനമാണിത്‌. സവര്‍ണ ഹിന്ദുക്കളുടെ ഹൃദയങ്ങള്‍ ശുദ്ധീകരിക്കുവാനും മര്‍ദ്ദിതരായ നമ്മുടെ ലക്ഷോപിലക്ഷം സഹോദരന്മാരുടെ അഭ്യുന്നതി കൈവരുത്തുവാനും മാധവന്‍നായര്‍ ചെയ്‌തിരുന്ന പോലുള്ള ത്യാഗങ്ങള്‍ ഇന്ന്‌ വളരെയേറെ വേണ്ടിയിരിക്കുന്നു. ഹരിജനോദ്ധാരണത്തിനുള്ള ഈ സംരംഭത്തില്‍ സവര്‍ണ്ണര്‍ നിഷ്‌കാമമായും ഹൃദയപൂര്‍വമായും സഹകരിക്കാതിരിക്കുന്നപക്ഷം ഒരു മതമെന്ന നിലയ്‌ക്ക്‌ ഹിന്ദു മതത്തിന്റെ ഭാവി പാടെ നിരാശജനകമാണ്‌.``

പ്രസംഗം കഴിഞ്ഞ്‌ ഗാന്ധിജി, കാര്യപരിപാടി നോക്കി,''ഇനി എനിക്കു കൃതജഞ്ഞത ലഭിക്കണം`` എന്നു ചിരിച്ചുകൊണ്ട്‌ പറഞ്ഞു. ശ്രീമാന്‍ പി. അച്ചുതനെ അത്‌ നല്‍കുവാനായി അദ്ദേഹം ക്ഷണിച്ചു. കൃതജ്ഞതാപ്രകടനത്തിനായി കാര്യപരിപാടി അനുവദിച്ച രണ്ടു മിനുട്ടില്‍ കവിയരുത്‌ എന്ന്‌ ശ്രീമാന്‍ അച്ചുതനോടായി അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു.

ശ്രീമാന്‍ അച്ചുതന്റെ കൃതജ്ഞതാ പ്രകടനം ഒന്നര മിനുട്ടിനുള്ളില്‍ കഴിഞ്ഞു. `ശരി, അത്‌ നന്നായി` എന്നും പറഞ്ഞ്‌ എഴുന്നേറ്റ്‌ മന്ദഹസിച്ചുകൊണ്ട്‌ എല്ലാവരേയും കൈകൂപ്പിത്തൊഴുത്‌ ഗാന്ധിജി യോഗസ്ഥലം വിട്ടു.

'മാതൃഭൂമി` ആപ്പീസില്‍നിന്നു നേരിട്ട്‌ കൃസ്‌ത്യന്‍ കോളേജിലേക്കായിരുന്നു ഗാന്ധിജി പോയത്‌. വിദ്യാര്‍ഥികളുടെ വക ഒരു പണക്കിഴി അദ്ദേഹത്തിന്നവിടെ സമര്‍പ്പിക്കുന്നതാണ്‌.

ഗാന്ധിജിയുടെ ആഗമനം സംബന്ധിച്ച്‌ കോഴിക്കോട്ടെ പോലീസ്‌ ചെയ്‌തിരുന്ന ഏര്‍പ്പാടുകള്‍ തുലോം സ്‌തുത്യര്‍ഹമായിരുന്നു. ജനക്കൂട്ടത്തെ ഒതുക്കിനിര്‍ത്തുന്നതിലും ഗാന്ധിജിയുടെ കാറിന്നുകടന്നുപോകുവാന്‍ മാര്‍ഗമുണ്ടാക്കുന്നതിലും അവര്‍ പ്രത്യേകശ്രദ്ധ പതിപ്പിച്ചിരുന്നു. 

No comments:

Post a Comment