Sunday, 8 June 2008

പത്രങ്ങളുടെ ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുന്നു

കോഴിക്കോട്‌, ഡിസംബര്‍ 28
സ്വാതന്ത്ര്യലബ്ധിക്ക്‌ ശേഷം ഇന്ത്യയിലെ പത്രങ്ങളുടെ ഉത്തരവാദിത്വം വളരെ ഏറെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും, നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ജനങ്ങളില്‍ ബോധപൂര്‍വമായ ധാരണയുളവാക്കി, സഹകരണ മനോഭാവം വളര്‍ത്തുകയാണ്‌ അവയുടെ ഇന്നത്തെ കര്‍ത്തവ്യമെന്നും പ്രധാനമന്ത്രി നെഹ്‌റു ഇന്ന്‌ കാലത്ത്‌ `മാതൃഭൂമി' ആപ്പില്‍സില്‍വെച്ചു പറഞ്ഞു.

`മാതൃഭൂമി'യെ അഭിനന്ദിച്ചുകൊണ്ട്‌ അദ്ദേഹം ഇങ്ങിനെ തുടര്‍ന്നു:
`രാജ്യത്തിന്റെ ഈ ഭാഗത്തെ ഒരു പത്രമാണ്‌ മാതൃഭൂമി എങ്കിലും അത്‌ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്നുണ്ട്‌. പ്രസിദ്ധമായ ഈ പത്രം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്ക്‌ അതിപ്രധാനമാണ്‌. അനേകം ജനങ്ങളില്‍ സ്വാധീനത ചെലുത്തിക്കൊണ്ട്‌ മാതൃഭൂമി ഉത്തരോത്തരം വളര്‍ന്നുവന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.'

കാലത്ത്‌ 7.45ന്‌ മാതൃഭൂമി ആപ്പീസില്‍ എത്തിയ പ്രധാനമന്ത്രിയെ പത്രാധിപര്‍ ശ്രീ. കെ.പി. കേശവമേനോന്‍, മാനേജര്‍ ശ്രീ. എന്‍. കൃഷ്‌ണന്‍നായര്‍, ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍, സ്റ്റാഫ്‌ അംഗങ്ങള്‍, മറ്റു ജോലിക്കാര്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. മനോഹരമായി അലങ്കരിച്ച ആപ്പീസിന്ന്‌ മുമ്പില്‍ പ്രധാനമന്ത്രി എത്തിച്ചേര്‍ന്നപ്പോള്‍ ചുറ്റും തിങ്ങിക്കൂടിയിരുന്ന ജനക്കൂട്ടം `ജയ്‌ഹിന്ദ്‌' വിളിച്ച്‌ അഭിവാദ്യം ചെയ്‌തു.

മുഖ്യമന്ത്രി മി. കാമരാജനാടാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മാതൃഭൂമിയുടെ പ്രധാന ഗെയിറ്റില്‍വെച്ച്‌ മാനേജിങ്‌ ഡയറക്ടര്‍ ശ്രീ. കുറൂര്‍ നീലകണ്‌ഠന്‍ നമ്പൂതിരിപ്പാട്‌ പ്രധാനമന്ത്രിയെയും ജോയിന്റ്‌ മാനേജിങ്‌ ഡയറക്ടര്‍ ശ്രീ. കെ. മാധവമേനോന്‍ എം.പി. മുഖ്യമന്ത്രിയേയും ഹാരമണിയിച്ചു.

പ്രധാനമന്ത്രി മൂന്നാം നിലയിലുള്ള പത്രാധിപരുടെ മുറി സന്ദര്‍ശിച്ചു. അതിനുശേഷം `ന്യൂസ്‌ റൂമില്‍' വെച്ച്‌ സ്റ്റാഫ്‌ അംഗങ്ങളെയും ഡയറക്ടര്‍ബോര്‍ഡ്‌അംഗങ്ങളെയും പത്രാധിപര്‍ പ്രധാനമന്ത്രിക്ക്‌ പരിചയപ്പെടുത്തി. 

No comments:

Post a Comment